ഹാന്റ് വാഷ്, ഫ്ലോർ ക്ലീനർ; കെ.സി.സി.പി.എൽ പുതിയ ഉൽപന്നങ്ങൾ പുറത്തിറക്കി
കേരള സർക്കാരിന്റെ വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കണ്ണൂരിലെ കെസിസിപി ലിമിറ്റഡ് നിർമ്മിച്ച ഹാന്റ് വാഷ്, ഫ്ലോർ ക്ലീനർ എന്നിവ നിയമസഭാ മന്ദിരത്തിലെ ചേമ്പറിൽ വെച്ച് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് വിപണിയിലിറക്കി ഉദ്ഘാടനം ചെയ്തു.
കോവിഡ് മഹാമാരി നേരിടുന്നതിനായി കെ സി സി പി എൽ സാനിറ്റൈസർ യൂണിറ്റ് ആരംഭിച്ചിരുന്നു വളരെ നല്ല പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്. മലബാർ മേഖലയിലെ സർക്കാർ സ്ഥാപനം എന്ന നിലയിൽ ഗുണനിലവാരമുള്ള ഉൽപ്പന്നം മിതമായ നിരക്കിൽ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സംരഭം. ഡിയോൺ ഹാന്റ് വാഷ് ഡിയോൺ ഫ്ലോർ ക്ലീനർ എന്നീ രണ്ടു ബ്രാന്റുകളിലായി വിവിധ ഫ്ലാവറുകളിലായാണ് വിപണിയിലെത്തിക്കുന്നത്.
ആദ്യ ഘട്ടത്തിൽ ഒരു ദിവസം 1000 ലിറ്റർ ഉൽപ്പാദിപ്പിക്കാൻ കപ്പാസിറ്റിയുള്ള പ്ലാന്റാണ് നിർമ്മിച്ചിട്ടുള്ളത്. കമ്പനിയുടെ വൈവിധ്യവൽക്കര ണത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്ത പ്രസ്തുത പദ്ധതി കണ്ണൂർ ജില്ലയിലെ കണ്ണപുരം യൂണിറ്റിലാണ് ആരംഭിച്ചിട്ടുള്ളത്. മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ, പോലീസ് കാന്റീനുകൾ,സഹകരണ ആശുപത്രികൾ മറ്റു സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും വില്പന നടത്താൻ ഉദ്ദേശിക്കുന്നത്. പൊതു വിപണിയിലും ലഭ്യമാക്കും. വിവിധ വൈവിദ്ധ്യവൽക്കരണ പദ്ധതികളുടെ ഭാഗമായി കമ്പനി ഐ ടി പാർക്ക്, പെട്രോൾ പമ്പ്, ഹൈടെക്ക് കയർ ഡീഫൈബറിംഗ് യൂണിറ്റ്, ബ്രിക്ക് മാനുഫാക്ചറിംഗ് ആന്റ് ഇന്റർലോക്ക് യൂണിറ്റ്, പാഷൻ ഫ്രൂട്ട് കൃഷി എന്നിവ ഇതിനകം ആരംഭിച്ചിട്ടുണ്ട്.